# ഉള്‍ക്കാഴ്ചയുടെ പൊരുള്‍ :
കണ്ണുകള്‍ പലപ്പോഴും വ്യക്തികളുടെ സൗന്ദര്യത്തിന്റെ മാപിനി ആവാറുണ്ടല്ലോ..ചില സൗന്ദര്യധാമങ്ങള്‍ക്ക് പൂച്ചക്കണ്ണുകള്‍ അഴക് വര്‍ദ്ധിപ്പിച്ചെന്നുമിരിയ്ക്കും..എന്നാല്‍ പൊതുവെ നാം മലയാളികളുടെ കണ്ണുകള്‍ക്ക് ഈയിടെയായി നാമറിയാതെത്തന്നെ ചില മാറ്റങ്ങള്‍ സംഭവിയ്ക്കുന്നില്ലേ എന്നൊരു സംശയം.!!..പൂച്ചക്കണ്ണുകള്‍ക്കു പകരം നമുക്കു വന്നത് 'പുച്ഛക്കണ്ണു'കളാണ് എന്നു മാത്രം !!!!...അതെ....എന്തിനേയും ഏതിനേയും ഒരു പുച്ഛത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണാന്‍ ശ്രമിയ്ക്കുന്ന ശരാശരി മലയാളിയുടെ പുച്ഛക്കണ്ണുകള്‍...ഇതുകൊണ്ട് ആരുടെയെങ്കിലും സൗന്ദര്യത്തിന് മാറ്റു കൂടിയതായി അറിവില്ല..മറിച്ച് ബുദ്ധിയെ ബാധിച്ച് ക്രമേണ 'ബുദ്ധിജീവി'കളായി രൂപാന്തരം പ്രാപിച്ചെന്നു വരാം..ജാഗ്രതൈ.....
----ഉള്‍ക്കാഴ്ച്ചയുടെ പൊരുള്‍.....
# കേള്‍വിയുടെ കാണാപ്പുറങ്ങള്‍ :-
വയോവൃദ്ധരായ രണ്ടു സുഹൃത്തുക്കള്‍ വഴിവക്കില്‍ വെച്ച് കണ്ടുമുട്ടുന്നു...കേള്‍വിക്കുറവിന്റെ ശ്ശി അസ്കിത ണ്ടേയ്..അവരുടെ ആശയവിനിമയം ഒന്നു ശ്രദ്ധിച്ചുനോക്കൂ..
* അല്ലാ ദ് പ്പൊ എങ്ക്‌ടാ....ചന്തയ്ക്ക് പോവ്വ്വാ.?
** ഏയ്..ഞാനൊന്ന് ചന്ത വരേയ്ക്ക് പോവ്വ്വാണേ..
* ഓഹോ..ഞാന്‍ വിചാരിച്ചു ങ്ങള് ചന്തയ്ക്കാ പോണേന്ന്..
--കാര്യം പിടികിട്ടിയില്ലേ....'കേള്‍വിയുടെ കാണാപ്പുറങ്ങള്‍'.
# സ്പര്‍ശനത്തിന്റെ വകഭേദങ്ങള്‍ :-
സ്ഥലം-കേരളത്തിലെ ഒരു സ്വകാര്യ ബസ് സ്റ്റോപ്പ്-സമയം രാവിലെ-ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അവരവരുടെ സങ്കേതങ്ങളിലെത്താനുള്ള തത്രപ്പാടിലാണ്..ബസ്സ് വന്നതും കിളിയുടെ 'കര്‍ണ്ണകഠോര'മായ ശബ്ദം മുഴങ്ങി..ചേച്ചീ,മടിച്ചുനിക്കാതെ ഒന്നു വേഗം കേറൂ...കേട്ടപാടെ കൈയ്യില്‍ ബാഗും മനസ്സില്‍ 'ടെന്‍ഷനും' ആയി ഒരു ഗുസ്തിമല്‍സരത്തിനുശേഷം, ജേതാവിനെപ്പോലെ ഒരുവിധം കയറിപ്പറ്റി.. മുന്നില്‍നോക്കുമ്പോഴോ..അവിടമെല്ലാം പെണ്‍'മുട്ടി'കളും ആണ്‍'മുട്ടി'കളും കയ്യടക്കിയിരിയ്ക്കുന്നു..കുറച്ചുകൂടെ സുരക്ഷിതമായ സ്ഥാനം നോക്കി മാറിനിന്നപ്പോഴതാ കിളിയുടെ 'കളിമൊഴി' വീണ്ടും.. 'അമ്മായി ഒന്നു മുന്നിലേയ്ക്കു ചേര്‍ന്നു നില്‍ക്കൂ, ഈ ചേച്ചികൂടെ ഒന്നു കേറിക്കോട്ടെ......'.എന്റീശ്വരാ...ടിക്കെറ്റെടുക്കുവോളം ചേച്ചി..ടിക്കെറ്റെടുത്താലോ അമ്മായി...നടക്കട്ടെ..നടക്കട്ടെ..
# രുചിഭേദങ്ങള്‍:-
നാവികകപ്പലിലെ ഒരു സയാഹ്നം-
* സാര്‍,ഇന്നത്തെ ഡിന്നര്‍ ഒന്നിനും കൊള്ളില്ല..
** ങേ..പച്ചക്കറികളും പലവ്യന്‍ജനങ്ങളും നിയമാനുസൃതമായ കണക്കനുസരിച്ച് കൃത്യമായി അളന്നുകൊടുത്തതാണല്ലൊ, കുക്കിന്..എന്നിട്ടെന്തേ?
* സാര്‍,അളവ് കൃത്യമായിരിയ്ക്കാം..ഒന്നിനും രുചിയില്ലെന്നാണ് പറഞ്ഞത്..
** സോറി...രുചി ഉറപ്പാക്കാന്‍ നിയമത്തില്‍ വകുപ്പില്ല...
--പാവം രുചിയുടെ ഒരു ഗതികേടേയ്..ഇനിയെങ്ങാനും സുരക്ഷാകാരണങ്ങളാല്‍ വിലക്കു കല്‍പ്പിച്ചതാകുമൊ..
"രുചിഭേദം പാചകദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ കപ്പലാണിത്"
# മണമല്ലോ സുഖപ്രദം:-
സര്‍ദാര്‍ജി രാവിലെതന്നെ കുളിച്ചു കുട്ടപ്പനായി അടുത്തുള്ള ഓഫീസിലേയ്ക്ക് 'നടരാജ'യിലാണ്..പെട്ടെന്ന് എന്തോ മുന്നില്‍ക്കിടക്കുന്നത് കണ്ട് ഒന്നമ്പരന്നു.!.സൂക്ഷിച്ചു നോക്കി- ഒന്നും മനസ്സിലായില്ല.....കുനിഞ്ഞു നോക്കി-എന്നിട്ടും പിടികിട്ടിയില്ല.....കൈകൊണ്ടു തൊട്ടുനോക്കി-നോ രക്ഷ.....കൈയെടുത്ത് ഒന്നു മണത്തുനോക്കി- ഛേ....ചാണകം!!!..
---ആവു രക്ഷപ്പെട്ടു..കാലിലായില്ലല്ലൊ.!!!!!(സര്‍ദാര്‍ജിയുടെ ആത്‌മഗതം)
ഗുണപാഠം:
"സ്പര്‍ശം ദുഖമാണുണ്ണീ
മണമല്ലോ സുഖപ്രദം"