13 March, 2007

ബൂലോഗത്ത്‌ പ്രേതബാധ !!!!

.....രാത്രിയുടെ രണ്ടാം യാമത്തില്‍ സാഞ്ചാരപ്രിയനായ ഈയുള്ളവന്‍ ബൂലോഗത്തില്‍ ഒരു സവാരിയ്ക്കിറങ്ങിയതായിരുന്നു..പ്രപഞ്ചത്തിന്റെ നാനാകോണുകളില്‍നിന്നും പലരും സ്നേഹാന്വേഷണങ്ങളുമായി കൈവീശി..ഒരു ഫാന്റസി ലോകത്ത്‌ എത്തപ്പെട്ട പ്രതീതി..എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തി, കാഴ്ചകള്‍ ആസ്വദിച്ച്‌ അങ്ങനെ യാത്ര തുടര്‍ന്നു......

പെട്ടെന്നതാ ഒരു തസ്കര രൂപം മുന്നില്‍.....കൈലിയുടുത്ത്‌,കൈയില്‍ കത്തിയുമായി,കൊമ്പന്‍മീശയുള്ള ഒരാള്‍ !!എവിടെയോ കണ്ട മുഖം...എന്നാലും അദ്ദേഹത്തിന്‌ സ്വയം പരിചയപ്പെടുത്തേണ്ടി വന്നു...ആരെന്നല്ലേ? സാക്ഷാല്‍ കായംകുളം കൊച്ചുണ്ണി !!!!കേട്ടതും ഞെട്ടി..പക്ഷെ, മുഖം വല്ലാതെ വാടിയിരിയ്ക്കുന്നു..സീരിയലില്‍ കാണുന്ന ആ ചുറുചുറുപ്പെല്ലാം എവിടെയോ പോയ്‌ മറഞ്ഞപോലെ... വിഷാദത്തിന്റെ ഉറവിടം തിരക്കിയപ്പോഴല്ലെ സംഗതിയുടെ ഗുട്ടന്‍സ്‌ പിടി കിട്ടിയത്‌....കക്ഷി ആകെ വിഷമത്തിലാണ്‌..കാരണമെന്തെന്നല്ലേ..? തസ്കരവീരന്‍ കൊച്ചുണ്ണി ഗുരുക്കള്‍ ബൂലോഗത്തെ മോഷണം കണ്ട്‌ പകച്ച്‌ പോയീത്രെ !!!.. അവരുടെ കാലത്ത്‌ എന്തിനും ഒരു കൈയും കണക്കുമൊക്കെ ഉണ്ടായിരുന്നത്രെ....മോഷണം നടത്തുകയാണെങ്കിലും അതിനൊരു നേരും നെറിയും ഒക്കെ പാലിച്ചിരുന്നു പോലും.....

ബൂലോഗത്തെ മോഷ്ടാക്കളുടെ സ്ഥിതിയെന്താ..? ചതിയില്‍ കളങ്കമില്ല എന്നു പറയുന്നപോലെയല്ലേ? .. പലരും പലതും വേരോടെ പിഴുതു മാറ്റുന്നു , വള്ളി പുള്ളി വ്യത്യാസം പോലുമില്ലാതെ..!!കണ്ടുപിടിച്ചാലോ ?. ഒരു ലോറി സോറിയുമായി കൈ കഴുകും..കഴിഞ്ഞു...പണ്ടത്തെ കോളേജ്‌ കുമാരന്‍മാരുടെ ഒരുതരം ചൂണ്ടല്‍ ശൈലി..ചങ്ങാതിയുടെ വിലപിടിപ്പുള്ള പുസ്തകം അടിച്ചുമാറ്റിയത്‌, ബസ്‌സ്റ്റോപ്പില്‍ വെച്ച്‌ കണ്ടുപിടിച്ചാല്‍ , കൂസലില്ലാതെ,കാഷ്വലായി -- ഓ, നിന്റെയാണൊ,എന്നാല്‍ എടുത്തോളൂ...ശുഭം..ഇവിടെ ഒരു സോറിയ്ക്കുപോലും സ്കോപ്പില്ല......ആ പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കി പ്രയോഗിയ്ക്കുന്നു.......

ഇതെല്ലാം കണ്ട്‌ പുള്ളിക്കാരന്‌ ആധി പിടിച്ചിരിയ്ക്ക്യാത്രെ..ഇവന്മാര്‍ , കഷ്ടപ്പെട്ട്‌ സമ്പാദിച്ച തസ്കരവീരന്റെ പട്ടവും അടിച്ചുമാറ്റുമോന്ന് !!!

ഒരുവിധം കൊച്ചുണ്ണിഗുരുക്കളേയും സമാധാനിപ്പിച്ച്‌ കുറച്ചുദൂരം മുന്നോട്ടു നീങ്ങിയപ്പോള്‍ എവിടെനിന്നോ മുന്നിലേയ്ക്ക്‌ ചാടിവീണ രൂപം കണ്ട്‌ നടുങ്ങി....രക്തദാഹത്തോടെ അഴിഞ്ഞുകിടക്കുന്ന കൂന്തലുമായി പാണ്ഡവപത്നി പാഞ്ചാലി ..!!!!പണ്ട്‌ ചുടുകാട്ടില്‍ നാറാണത്തുഭ്രാന്തന്റെ മുമ്പില്‍ വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ട്‌ പ്രത്യക്ഷപ്പെട്ട സര്‍വ്വസംഹാരിയായ കാളീദേവിയുടെ രൂപം തന്നെ !.കക്ഷി കലികൊണ്ട്‌ തുള്ളി നില്‍ക്കുകയാണ്‌.. ഈ ബൂലോഗവാസിയെകണ്ടതും, ഒരൊറ്റ ചോദ്യം. "ആരാടാ ഇവിടെ എന്റെ പേരും പെരുമയും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച്‌ ആളാവുന്നത്‌ ?" ചോദ്യം കേട്ടതും വിറച്ചുപോയി..വിറയാര്‍ന്ന കണ്ണുകളോടെ അവരുടെ കാലിലേയ്ക്കൊന്നു നോക്കി...നിലത്തുറച്ചിട്ടില്ല...എന്റീശ്വരാ..പാട്ടുകേള്‍ക്കുന്നുണ്ടോ ?????......പെട്ടെന്നൊരു ഭൂതോദയം ഉണ്ടായപോലെ..!അല്ല ഇത്‌ ബൂലോഗമാണല്ലോ..ഒരു ഏകദേശക്കണക്ക്‌ വെച്ച്‌ നോക്കിയാല്‍ ട്രോപ്പോസ്‌പ്പിയറിന്‌ മുകളിലായിരിയ്ക്കണം ഇതിന്റെ "സ്ഥാനം"..അപ്പോള്‍ അവിടെനിന്നും കാലു നിലത്തുറപ്പിയ്ക്കുക എന്നത്‌ പ്രേതത്തില്‍നിന്നെന്നല്ല ദൈവംതമ്പുരാനില്‍നിന്നുപോലും പ്രതീക്ഷിയ്ക്കണ്ടാ.....

ഒരുവിധം ധൈര്യം വീണ്ടെടുത്ത്‌ ഒരലക്കങ്ങ്‌ട്‌ അലക്കി...അയ്യോ ഞാനല്ല...പിന്നെ ഇവിടെ ചിലരൊക്കെ താങ്കളെവെച്ച്‌ മുതലാക്കാന്‍ ശ്രമിച്ചു എന്നതില്‍ നേരില്ലാതെയിരിയ്ക്കണമെന്നില്ല...ന്നാലും അത്രയ്ക്ക്‌ ഏശിയില്ല എന്നാണ്‌ ഇവിടത്തെ അലക്കുകാര്‍ "വിഴുപ്പലക്കുമ്പോള്‍" പറഞ്ഞുകേട്ടത്‌.....അല്ലെങ്കിലും, കുറച്ചുപേരെ കുറേക്കാലത്തേയ്ക്കും കുറേപേരെ കുറച്ചുകാലത്തേയ്ക്കും പറ്റിയ്ക്കാമെന്നല്ലാതെ എല്ലാപേരെയും എല്ലാക്കാലത്തേയ്ക്കും പറ്റിയ്ക്കാനാവില്ലല്ലോ....അതുകൊണ്ട്‌ ഇപ്രാവശ്യത്തേയ്ക്ക്‌ മാപ്പാക്കുക....ഇനിയിപ്പോള്‍ ഇതെല്ലാം വെറും തോന്നലുകളാവാനും മതിയല്ലോ....ശിവശിവ.....

അങ്ങിനെ അവരേയും പറ്റിച്ച്‌ ചെന്നെത്തിയതോ, നാരദരുടെ മുന്നില്‍...അദ്ദേഹം വളരെ സന്തോഷവാനായിരുന്നു...കാരണമിതുതന്നെ....ഈ ബൂലോഗത്ത്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ മഹാഭൂരിപക്ഷമാണത്രെ!!! ഇവിടത്തേത്‌ അവിടെയും, അവിടത്തേത്‌ ഇവിടെയും അല്‍പം മസാല ചേര്‍ത്ത്‌ വിളമ്പാനും അങ്ങനെ ഗ്രൂപ്പുകളാക്കി തമ്മിലടിപ്പിയ്ക്കാനും പിന്നെ സ്തുതിപാടല്‍ ഒരു കലയാക്കി വിലസാനും , "ലക്ഷക്കണക്കിന്‌ അടി താഴെയുള്ള" കേരളത്തില്‍പ്പോലും ലക്ഷണമൊത്തവര്‍ കുറവാണെന്നാണ്‌ മുനിവരന്റെ മതം....ആനന്ദലബ്ധിയ്ക്കിനിയെന്തുവേണം!!!!

....ആവൂ.... ആശ്വാസമായി.....ഒരാളെയെങ്കിലും കണ്ടല്ലൊ സുസ്മേരവദനനായി....ആ സന്തോഷത്തില്‍ തുള്ളിച്ചാടാന്‍ തുടങ്ങിയതാ...പ്‌ടും..ദാ കിടക്കുന്നു കട്ടിലില്‍നിന്നും തറയില്‍.!!!ബോധം വീണപ്പോള്‍ , ബൂലോഗത്തെ സകല മാന്ത്രികരേയും മനസ്സില്‍ ധ്യാനിച്ച്‌ കണ്ണടച്ചുറങ്ങാന്‍ ശ്രമിച്ചപ്പോള്‍ , അതാ ക്ലോക്കില്‍ പന്ത്രണ്ട്‌ അടിയ്ക്കുന്നു.....എന്റീശ്വരാ, അടുത്ത പ്രേതം !!!!

19 comments:

കൊച്ചുഗുപ്തന്‍ said...

രാത്രിയുടെ രണ്ടാം യാമത്തില്‍ സാഞ്ചാരപ്രിയനായ ഈയുള്ളവന്‍ ബൂലോഗത്തില്‍ ഒരു സവാരിയ്ക്കിറങ്ങിയതായിരുന്നു..പ്രപഞ്ചത്തിന്റെ നാനാകോണുകളില്‍നിന്നും പലരും സ്നേഹാന്വേഷണങ്ങളുമായി കൈവീശി..ഒരു ഫാന്റസി ലോകത്ത്‌ എത്തപ്പെട്ട പ്രതീതി..എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തി, കാഴ്ചകള്‍ ആസ്വദിച്ച്‌ അങ്ങനെ യാത്ര തുടര്‍ന്നു...

...പെട്ടെന്നതാ ഒരു തസ്കര രൂപം മുന്നില്‍.....കൈലിയുടുത്ത്‌,കൈയില്‍ കത്തിയുമായി,കൊമ്പന്‍മീശയുള്ള ഒരാള്‍ !!എവിടെയോ കണ്ട മുഖം...എന്നാലും അദ്ദേഹത്തിന്‌ സ്വയം പരിചയപ്പെടുത്തേണ്ടി വന്നു...ആരെന്നല്ലേ? ..........

ബിന്ദു said...

ഗൊള്ളാം. :)

കൊച്ചുഗുപ്തന്‍ said...

ബിന്ദു...)) നന്ദി

സുഗതരാജ് പലേരി said...

ഗുപ്തന്‍ കൊച്ചേ കലക്കി. ‘അടിപൊളി‘. ഒന്നിച്ചെഴുതണോ വേറെ വേറെ എഴുതണോ?

Peelikkutty!!!!! said...

:-)

അഗ്രജന്‍ said...

കൊച്ചൂ... അടിപൊളി


നാരദരുടെ സന്തോഷം ‘ക്ഷ’ പിടിച്ചു :)

G.manu said...

great

പൊതുവാള് said...

കൊച്ചുഗുപ്താ,
കണക്കൊക്കെ കറകറക്റ്റാ:)

കൃഷ്‌ | krish said...

കൊച്ചു കൊച്ചുണ്ണിമാര്‍ക്കിട്ടൊരു അലക്കേ.. കൊള്ളാം.

(കൊച്ചുഗുപ്താ ഇനി രാത്രി സഞ്ചാരത്തിനിറങ്ങുമ്പോള്‍ ചിത്രഗുപ്തന്റെ വേഷം എടുത്തണിയൂ.. പ്രേതത്തെ പേടിക്കേണ്ടാ..)

ഏറനാടന്‍ said...

ഇനി വന്നുവന്നിപ്പോള്‍ സ്വപ്‌നം അല്ലെങ്കില്‍ കിനാവ്‌ അല്ലെങ്കില്‍ കനവ്‌ കാണുന്നതിനും ദര്‍ശിക്കുന്നതിനും 'കാപ്പിറൈറ്റ്‌' വേണ്ടിവരുമോ കൊച്ചുഗുപ്‌തജീ??

ചെമ്പകന്‍ said...

പലര്‍ക്കിട്ടും കൊടുക്കുന്നുണ്ടല്ലോ കുഞ്ചന്‍ നമ്പ്യാരേ! ഇനി എന്നാ നമ്മുടെ നെഞ്ചത്ത്‌?

കൊച്ചുഗുപ്തന്‍ said...

പലേരി..)) ആദ്യായിട്ടാണല്ലൊ..നന്ദി...

പീലിക്കുട്ടി..))

അഗ്രജന്‍ മാഷേ..) നന്ദി ണ്ട്‌..ട്ടൊ

മനു..))പ്രോല്‍സാഹനത്തിന്‌ നന്ദി.

പൊതുവാളേ..))..അപ്പൊ അത്‌ കണക്കുകൂട്ടി നോക്കി ,ല്ലേ...

..നന്ദി..

കൃഷ്‌..))നല്ല ഐഡിയ..അടുത്ത സവാരി അങ്ങനെയാക്കാം...

ഏറനാടാ..))..ഏയ്‌.. ധൈര്യമായിരിയ്ക്കൂ...അങ്ങനെയൊന്നും ഉണ്ടാവാന്‍ പോണില്ല......ഇത്‌ സത്യം സത്യം സത്യം.....

ചെമ്പകാ..))..അയ്യോ..ആര്‍ക്കിട്ടും കൊടുത്തതൊന്നുമല്ല മാഷേ....ചില രസകരമായ കാര്യങ്ങള്‍ എനിയ്ക്കിഷ്ടപ്പെട്ട fronting style ല്‍ തമാശരൂപേണ എഴുതാന്‍ ശ്രമിച്ചൂന്ന് മാത്രം , ബൂലോഗ സുഹൃത്തുക്കള്‍ പരിഭവിയ്ക്കില്ലെന്ന വിശ്വാസത്തോടെ..

...ങാ..ഒരു കണ്ണ്‍ അവിടെ പതിഞ്ഞിട്ട്‌ കുറച്ചീസായി...അധികം താമസിയാതെത്തന്നെ ണ്ടാവും ന്ന് കൂട്ടിക്കോളൂ...

...അല്ല,ചെമ്പകനെ ഈ വഴി കണ്ടിട്ട്‌ കുറച്ചൂസായല്ലോ...

പാര്‍വതി said...

കൊള്ളാം ചിത്രഗുപ്താ, പുള്ളിയും കണക്കിന്റെ ആളാണല്ലോ..

ഇനിയും രാത്രീഞ്ചരന്മാര്‍ ഏറെയുള്ള ബ്രഹ്മാണ്ഡമിത്..പാര്‍ക്കലാം

:)

-പാര്‍വതി.

കൊച്ചുഗുപ്തന്‍ said...

പാര്‍വതി..))നന്ദി..ഈ പൂമുഖത്തെത്തിനോക്കിയതിനും പ്രതികരിച്ചതിനും...

chithrakaran said...

ചിത്രകാരന്‌ ഫോണ്‍ഭീഷണി !!
http://chithrakaran.blogspot.com/2007/03/blog-post_19.html

കൊച്ചുഗുപ്തന്‍ said...

ചിത്രകാരന്‍..))..ഉദ്ദേശിച്ചത്‌ എന്താണെന്നു കൃത്യമായി മനസ്സിലായില്ല..

..എങ്കിലും...ഈ ബൂലോഗത്തെ ഒരു മല്ലു കൂട്ടായ്മയായി എടുത്ത്‌ തമാശയും ഇടയ്ക്കൊക്കെ ക്രിയാത്‌മകമായ ,ഗൗരവമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനും പങ്കുവെയ്ക്കുവാനുമുള്ള ഒരിടമയി സങ്കല്‍പ്പിയ്ക്കാന്‍ എല്ലാ ബൂലോഗര്‍ക്കും തോന്നുമാറാകണെ എന്നാശിയ്ക്കുന്നു...

Sona said...

:)

കൊച്ചുഗുപ്തന്‍ said...

നന്ദി, സോന ......

ജിതിന്‍.സെബാസ്റ്റിന്‍ said...

വളരെ ഇഷ്റ്റമായി