20 August, 2007

പുഴയും അണക്കെട്ടും ഉദ്യാനവും......പടം...



ഇത്‌ കാഞ്ഞിരപ്പുഴ....സൈലന്റ്‌ വാലി ഇവിടെനിന്നും അധികമൊന്നും ദൂരെയല്ല....

ഇവിടത്തെ ഉദ്യാനവും അണക്കെട്ടുമെല്ലാം ഈയിടെ മോടിപിടിപ്പിച്ചിരിയ്ക്കുന്നു...സന്ദര്‍ശകരുടെ ബാഹുല്യം അധികം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടില്ലാത്തതുകൊണ്ട്‌, ഓണത്തിന്‌ നാട്ടില്‍ പോകുന്നവരേ, നിങ്ങള്‍ക്ക്‌ സ്വാഗതം.....മണ്ണാര്‍ക്കാട്ടുനിന്നും പന്ത്രണ്ടു കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം...

എല്ലാവര്‍ക്കും തിരുവോണാശംസകള്‍.........

09 August, 2007

ഒരു നവസാക്ഷരന്റെ വെളിപാടുകള്‍ !!!!

സാക്ഷരതാപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരുന്ന സമയം....അക്ഷരങ്ങളുടെ ലോകത്തേയ്ക്ക്‌ കൈപിടിച്ചുയര്‍ത്തിയ തങ്ങളുടെ പ്രിയപ്പെട്ട മാഷിന്റെ ( പത്താം ക്ലാസ്‌ മൂന്നുതവണ എഴുതിയാലെന്താ..) മുഖത്തേയ്ക്ക്‌ സാകൂതം കണ്ണും നട്ട്‌ , നവസാക്ഷരരുടെ നീണ്ട നിര മുമ്പില്‍.....

അടുത്തത്‌ അവിടെ നടക്കാന്‍ പോകുന്നത്‌ ഒരു പരീക്ഷണമാണ്‌.. വിഷയം..മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍.... അങ്ങിനെ, വായനശാലയുടെ ചെളിമുറ്റം പരീക്ഷണശാലയായി...ഒരു ഗ്ലാസില്‍ വെള്ളവും മറ്റൊന്നില്‍ മദ്യവും നിറച്ച്‌ അതില്‍ ഓരോ വിരകളെ പിടിച്ചിട്ടു. സ്വാഭാവികമായും മദ്യം നിറച്ച ഗ്ലാസിലെ വിര ചത്തുപോയി..ഒരു ഗവേഷകന്റെ ഗമയോടെ, നമ്മുടെ അദ്ധ്യാപഹയന്‍, വിദ്യാര്‍ഥിയായ ഒരു പാവം സപ്തതിക്കാരനോട്‌ ഒറ്റച്ചോദ്യം -- ഇതില്‍ നിന്ന് നിങ്ങള്‍ക്കെന്തു മനസ്സിലായി ??... കള്ള്‌ കുടിച്ചാല്‍‍ വയറ്റിലെ കൃമിശല്യം തീരും !!!!

ഉത്തരം കേട്ട്‌ ഗുരുവതാ വീണിതല്ലോ കിടക്കുന്നു ധരണിയില്‍.......

13 March, 2007

ബൂലോഗത്ത്‌ പ്രേതബാധ !!!!

.....രാത്രിയുടെ രണ്ടാം യാമത്തില്‍ സാഞ്ചാരപ്രിയനായ ഈയുള്ളവന്‍ ബൂലോഗത്തില്‍ ഒരു സവാരിയ്ക്കിറങ്ങിയതായിരുന്നു..പ്രപഞ്ചത്തിന്റെ നാനാകോണുകളില്‍നിന്നും പലരും സ്നേഹാന്വേഷണങ്ങളുമായി കൈവീശി..ഒരു ഫാന്റസി ലോകത്ത്‌ എത്തപ്പെട്ട പ്രതീതി..എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തി, കാഴ്ചകള്‍ ആസ്വദിച്ച്‌ അങ്ങനെ യാത്ര തുടര്‍ന്നു......

പെട്ടെന്നതാ ഒരു തസ്കര രൂപം മുന്നില്‍.....കൈലിയുടുത്ത്‌,കൈയില്‍ കത്തിയുമായി,കൊമ്പന്‍മീശയുള്ള ഒരാള്‍ !!എവിടെയോ കണ്ട മുഖം...എന്നാലും അദ്ദേഹത്തിന്‌ സ്വയം പരിചയപ്പെടുത്തേണ്ടി വന്നു...ആരെന്നല്ലേ? സാക്ഷാല്‍ കായംകുളം കൊച്ചുണ്ണി !!!!കേട്ടതും ഞെട്ടി..പക്ഷെ, മുഖം വല്ലാതെ വാടിയിരിയ്ക്കുന്നു..സീരിയലില്‍ കാണുന്ന ആ ചുറുചുറുപ്പെല്ലാം എവിടെയോ പോയ്‌ മറഞ്ഞപോലെ... വിഷാദത്തിന്റെ ഉറവിടം തിരക്കിയപ്പോഴല്ലെ സംഗതിയുടെ ഗുട്ടന്‍സ്‌ പിടി കിട്ടിയത്‌....കക്ഷി ആകെ വിഷമത്തിലാണ്‌..കാരണമെന്തെന്നല്ലേ..? തസ്കരവീരന്‍ കൊച്ചുണ്ണി ഗുരുക്കള്‍ ബൂലോഗത്തെ മോഷണം കണ്ട്‌ പകച്ച്‌ പോയീത്രെ !!!.. അവരുടെ കാലത്ത്‌ എന്തിനും ഒരു കൈയും കണക്കുമൊക്കെ ഉണ്ടായിരുന്നത്രെ....മോഷണം നടത്തുകയാണെങ്കിലും അതിനൊരു നേരും നെറിയും ഒക്കെ പാലിച്ചിരുന്നു പോലും.....

ബൂലോഗത്തെ മോഷ്ടാക്കളുടെ സ്ഥിതിയെന്താ..? ചതിയില്‍ കളങ്കമില്ല എന്നു പറയുന്നപോലെയല്ലേ? .. പലരും പലതും വേരോടെ പിഴുതു മാറ്റുന്നു , വള്ളി പുള്ളി വ്യത്യാസം പോലുമില്ലാതെ..!!കണ്ടുപിടിച്ചാലോ ?. ഒരു ലോറി സോറിയുമായി കൈ കഴുകും..കഴിഞ്ഞു...പണ്ടത്തെ കോളേജ്‌ കുമാരന്‍മാരുടെ ഒരുതരം ചൂണ്ടല്‍ ശൈലി..ചങ്ങാതിയുടെ വിലപിടിപ്പുള്ള പുസ്തകം അടിച്ചുമാറ്റിയത്‌, ബസ്‌സ്റ്റോപ്പില്‍ വെച്ച്‌ കണ്ടുപിടിച്ചാല്‍ , കൂസലില്ലാതെ,കാഷ്വലായി -- ഓ, നിന്റെയാണൊ,എന്നാല്‍ എടുത്തോളൂ...ശുഭം..ഇവിടെ ഒരു സോറിയ്ക്കുപോലും സ്കോപ്പില്ല......ആ പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കി പ്രയോഗിയ്ക്കുന്നു.......

ഇതെല്ലാം കണ്ട്‌ പുള്ളിക്കാരന്‌ ആധി പിടിച്ചിരിയ്ക്ക്യാത്രെ..ഇവന്മാര്‍ , കഷ്ടപ്പെട്ട്‌ സമ്പാദിച്ച തസ്കരവീരന്റെ പട്ടവും അടിച്ചുമാറ്റുമോന്ന് !!!

ഒരുവിധം കൊച്ചുണ്ണിഗുരുക്കളേയും സമാധാനിപ്പിച്ച്‌ കുറച്ചുദൂരം മുന്നോട്ടു നീങ്ങിയപ്പോള്‍ എവിടെനിന്നോ മുന്നിലേയ്ക്ക്‌ ചാടിവീണ രൂപം കണ്ട്‌ നടുങ്ങി....രക്തദാഹത്തോടെ അഴിഞ്ഞുകിടക്കുന്ന കൂന്തലുമായി പാണ്ഡവപത്നി പാഞ്ചാലി ..!!!!പണ്ട്‌ ചുടുകാട്ടില്‍ നാറാണത്തുഭ്രാന്തന്റെ മുമ്പില്‍ വരം ചോദിയ്ക്കാന്‍ ആവശ്യപ്പെട്ട്‌ പ്രത്യക്ഷപ്പെട്ട സര്‍വ്വസംഹാരിയായ കാളീദേവിയുടെ രൂപം തന്നെ !.കക്ഷി കലികൊണ്ട്‌ തുള്ളി നില്‍ക്കുകയാണ്‌.. ഈ ബൂലോഗവാസിയെകണ്ടതും, ഒരൊറ്റ ചോദ്യം. "ആരാടാ ഇവിടെ എന്റെ പേരും പെരുമയും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച്‌ ആളാവുന്നത്‌ ?" ചോദ്യം കേട്ടതും വിറച്ചുപോയി..വിറയാര്‍ന്ന കണ്ണുകളോടെ അവരുടെ കാലിലേയ്ക്കൊന്നു നോക്കി...നിലത്തുറച്ചിട്ടില്ല...എന്റീശ്വരാ..പാട്ടുകേള്‍ക്കുന്നുണ്ടോ ?????......പെട്ടെന്നൊരു ഭൂതോദയം ഉണ്ടായപോലെ..!അല്ല ഇത്‌ ബൂലോഗമാണല്ലോ..ഒരു ഏകദേശക്കണക്ക്‌ വെച്ച്‌ നോക്കിയാല്‍ ട്രോപ്പോസ്‌പ്പിയറിന്‌ മുകളിലായിരിയ്ക്കണം ഇതിന്റെ "സ്ഥാനം"..അപ്പോള്‍ അവിടെനിന്നും കാലു നിലത്തുറപ്പിയ്ക്കുക എന്നത്‌ പ്രേതത്തില്‍നിന്നെന്നല്ല ദൈവംതമ്പുരാനില്‍നിന്നുപോലും പ്രതീക്ഷിയ്ക്കണ്ടാ.....

ഒരുവിധം ധൈര്യം വീണ്ടെടുത്ത്‌ ഒരലക്കങ്ങ്‌ട്‌ അലക്കി...അയ്യോ ഞാനല്ല...പിന്നെ ഇവിടെ ചിലരൊക്കെ താങ്കളെവെച്ച്‌ മുതലാക്കാന്‍ ശ്രമിച്ചു എന്നതില്‍ നേരില്ലാതെയിരിയ്ക്കണമെന്നില്ല...ന്നാലും അത്രയ്ക്ക്‌ ഏശിയില്ല എന്നാണ്‌ ഇവിടത്തെ അലക്കുകാര്‍ "വിഴുപ്പലക്കുമ്പോള്‍" പറഞ്ഞുകേട്ടത്‌.....അല്ലെങ്കിലും, കുറച്ചുപേരെ കുറേക്കാലത്തേയ്ക്കും കുറേപേരെ കുറച്ചുകാലത്തേയ്ക്കും പറ്റിയ്ക്കാമെന്നല്ലാതെ എല്ലാപേരെയും എല്ലാക്കാലത്തേയ്ക്കും പറ്റിയ്ക്കാനാവില്ലല്ലോ....അതുകൊണ്ട്‌ ഇപ്രാവശ്യത്തേയ്ക്ക്‌ മാപ്പാക്കുക....ഇനിയിപ്പോള്‍ ഇതെല്ലാം വെറും തോന്നലുകളാവാനും മതിയല്ലോ....ശിവശിവ.....

അങ്ങിനെ അവരേയും പറ്റിച്ച്‌ ചെന്നെത്തിയതോ, നാരദരുടെ മുന്നില്‍...അദ്ദേഹം വളരെ സന്തോഷവാനായിരുന്നു...കാരണമിതുതന്നെ....ഈ ബൂലോഗത്ത്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ മഹാഭൂരിപക്ഷമാണത്രെ!!! ഇവിടത്തേത്‌ അവിടെയും, അവിടത്തേത്‌ ഇവിടെയും അല്‍പം മസാല ചേര്‍ത്ത്‌ വിളമ്പാനും അങ്ങനെ ഗ്രൂപ്പുകളാക്കി തമ്മിലടിപ്പിയ്ക്കാനും പിന്നെ സ്തുതിപാടല്‍ ഒരു കലയാക്കി വിലസാനും , "ലക്ഷക്കണക്കിന്‌ അടി താഴെയുള്ള" കേരളത്തില്‍പ്പോലും ലക്ഷണമൊത്തവര്‍ കുറവാണെന്നാണ്‌ മുനിവരന്റെ മതം....ആനന്ദലബ്ധിയ്ക്കിനിയെന്തുവേണം!!!!

....ആവൂ.... ആശ്വാസമായി.....ഒരാളെയെങ്കിലും കണ്ടല്ലൊ സുസ്മേരവദനനായി....ആ സന്തോഷത്തില്‍ തുള്ളിച്ചാടാന്‍ തുടങ്ങിയതാ...പ്‌ടും..ദാ കിടക്കുന്നു കട്ടിലില്‍നിന്നും തറയില്‍.!!!ബോധം വീണപ്പോള്‍ , ബൂലോഗത്തെ സകല മാന്ത്രികരേയും മനസ്സില്‍ ധ്യാനിച്ച്‌ കണ്ണടച്ചുറങ്ങാന്‍ ശ്രമിച്ചപ്പോള്‍ , അതാ ക്ലോക്കില്‍ പന്ത്രണ്ട്‌ അടിയ്ക്കുന്നു.....എന്റീശ്വരാ, അടുത്ത പ്രേതം !!!!

06 March, 2007

വായില്ല്യാംകുന്നിലെ ആനപ്പൂരം...


മിനിഞ്ഞാന്ന് വായില്ല്യാംകുന്ന് പൂരം.....വള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നായ വായില്ല്യാംകുന്നത്തമ്മയുടെ തിരുമുറ്റത്ത്‌ പടിഞ്ഞാറന്‍വേല അണിനിരക്കുന്നു...ദേശവാസികളും അയല്‍ദേശക്കാരുമായ ആനപ്രേമികളും വാദ്യ പ്രേമികളും മുടങ്ങാതെ എത്താറുണ്ടത്രെ ഇവിടത്തെ പൂരത്തിന്‌..


ഇത്‌ പെരുമപെറ്റ പന്തിരുകുലത്തിന്റെ ചരിത്രമുറങ്ങുന്ന കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്രം......

...വായുണ്ടെങ്കില്‍ ഇരയും കൊടുത്തുകൊള്ളും എന്ന "ദു:ഖസത്യ"ത്തില്‍നിന്നുമുള്ള മോചനത്തിനായ്‌ കള്ളം പറയേണ്ടിവരുകയും തദ്വാരാ വായില്ലാക്കുന്നിലപ്പനായ്‌ പരിണമിയ്ക്കുകയും ചെയ്ത പന്തിരുകുലത്തിലെ ഇളയ സന്തതിയെ ഇവിടെയാണത്രെ വരരുചിയും പഞ്ചമിയും ഉപേക്ഷിച്ച്‌ പോയത്‌......

.....ഇവിടെ ഇപ്പോള്‍ ശിവപ്രകാരത്തിലുള്ള വായില്ല്യാക്കുന്നിലപ്പന്റേയും തിരുമാന്ധാംകുന്നിലമ്മയുടെ സ്വരൂപമായ ഭഗവതിയുടേയും ക്ഷേത്രങ്ങളുണ്ട്‌...



ആനപ്രേമികളേ ഇതിലെ....

...തെച്ചിക്കോട്ടു രാമചന്ദ്രന്‍, കോങ്ങാട്‌ കുട്ടിശങ്കരന്‍ , മംഗലാംകുന്ന് അയ്യപ്പന്‍, ഗണപതി തുടങ്ങി 32 ഗജവീരന്മാരെ അണിനിരത്തിയായിരുന്നു പകല്‍പ്പൂരം.......കിഴക്കന്‍ വേലയുടെ തിടമ്പേറ്റിയിരിയ്ക്കുന്നത്‌ തെച്ചിക്കോട്ട്‌ രാമചന്ദ്രന്‍...



വള്ളുവനാടിന്റെ തനത്‌ അനുഷ്ടാന കലാരൂപങ്ങളായ പൂതനും തിറയും ഇവിടത്തെ വേലകളുടെ പ്രത്യേകതയാണ്‌....

.......ഒരു കലാകാരന്‍ തിറകെട്ടിയാടുന്നു...



ഇത്‌ കോങ്ങാട്‌ കുട്ടിശങ്കരന്‍....ഇപ്പോള്‍ അവന്‍ എത്ര ശാന്തനാണല്ലേ?....

...അവന്റെ കൊമ്പില്‍ പിടിച്ച്‌ നിന്നോളാന്‍ പറഞ്ഞു, ഫോട്ടോയ്ക്ക്‌......തല്‍ക്കാലം വേണ്ടെന്നു വെച്ചു....പേടിച്ചിട്ടൊന്നുമല്ലാ...ഒരു ചെറിയ ഫയം......അത്രന്നേ.....



ഇതാ മറ്റൊരു കരിവീരന്‍.....കക്ഷി കുറച്ച്‌ തിരക്കിലാ....



ഇവിടത്തെ വേലകള്‍ തമ്മിലുള്ള മല്‍സരത്തിന്റെ പ്രധാന ആകര്‍ഷണം പഞ്ചവാദ്യമേളങ്ങളുടെ കൊഴുപ്പാണ്‌....എല്ലാം പേരുകേട്ടവര്‍ തന്നെ...




പൂരം സമാപനത്തിനോടനുബന്ധിച്ച്‌ എല്ലാ വേലകളും ഒന്നിച്ചണിനിരന്നപ്പോള്‍, പാണ്ടിമേളത്തിന്‌ കൊഴുപ്പേകാനായി , തെച്ചിക്കോട്ട്‌ രാമചന്ദ്രനും മംഗലാംകുന്നു അയ്യപ്പനും അടുത്തടുത്ത്‌ നിലയുറപ്പിച്ചിരിയ്ക്കുന്നു....
..തിടമ്പേറ്റിയാല്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്ന തെച്ചിക്കോടും എന്നാല്‍ ഒരുകൈ നോക്കാം എന്ന രീതിയില്‍ അയ്യപ്പനും തലയെടുപ്പിനായ്‌ മല്‍സരിയ്ക്കുന്നത്‌ ആനപ്രേമികള്‍ക്ക്‌ കൗതുകകരമായ കാഴ്ച്ചയായിരുന്നു.......വലതുഭാഗത്തുള്ളത്‌ തെച്ചിക്കോട്‌..( സന്ധ്യയായതിനാല്‍ ഫോട്ടോയ്ക്ക്‌ മിഴിവു കുറഞ്ഞുപോയി...)
...വെടിക്കെട്ടോടുകൂടി പകല്‍പ്പൂരത്തിന്‌ സമാപ്തിയായി...

21 February, 2007

റേഞ്ചും ഹൈറേഞ്ചും !!!!.....


റേഞ്ചും ഹൈറേഞ്ചും.........ഇവിടെയെന്താ തോട്ടങ്ങള്‍ ലേലത്തിനായി അടുക്കിവെച്ചിരിയ്ക്കുകയാണോ ? കേരളത്തിന്റെ ഡാര്‍ജിലിംഗ്‌ ആയ മൂന്നാര്‍.....കണ്ടുമടുത്തവര്‍ ഒന്നു മാറിനില്‍ക്കൂ..കാണാത്തവരേ ഇതിലെ ഇതിലെ......



പ്രഭാതകിരണങ്ങളേറ്റ്‌ ഊര്‍ജ്ജസ്വലതയോടെ നില്‍ക്കുന്ന ഈ ചെടികള്‍ക്കില്ലേ ,തോട്ടത്തിലെ കേമന്‍ താനാണെന്നൊരു ഭാവം .......... ഉയരത്തിലുള്ള ,ചിന്നക്കനാലില്‍നിന്നുള്ള ദൃശ്യം...




"ഏട്ടാ, നിക്ക്‌.......ഞാനും വരട്ടെ.."........കുട്ടികള്‍ക്ക്‌ കളിയ്ക്കാന്‍ പറ്റിയ സ്ഥലം തന്നെ...... ക്ഷീണിയ്ക്കുമ്പോള്‍ കുറച്ച്‌ ചായ 'തിന്നു" കയുമാവാം !!!..




ഇവിടെ നിരോധിതമേഖല....പ്രത്യേകിച്ചും പ്രണയനൈരാശ്യം ബാധിച്ചവര്‍ക്ക്‌..........ടോപ്‌ പോയന്റിലെ 'ആത്‌മഹത്യാ' മുനമ്പ്‌.....ആര്‍ക്കും അവിടത്തെ ആഴമളക്കാന്‍ തോന്നിയ്ക്കുന്ന മാനസികനില വരാതിരിയ്ക്കട്ടെ!!!..




അണ്ണാച്ചീ സൗഖ്യമാ?........... അതാ ആ കാണുന്നതാണ്‌ തമിഴ്‌നാടതിര്‍ത്തി....മാട്ടുപ്പെട്ടി തടാകവും കടന്ന് ടോപ്‌ പോയന്റിലേയ്ക്കുള്ള വഴിമദ്ധ്യേയുള്ള ദൃശ്യം..



കോടമഞ്ഞുറയുന്ന ഒരു സായംസന്ധ്യ......മകരമാസക്കുളിരൊഴിഞ്ഞ ആ സായാന്‌ഹത്തിനുമുണ്ടല്ലെ പ്രൗഢഗംഭീരമായൊരു ശാന്തത.......

..............ഒരു ബ്രേക്ക്‌......

ഒരു അഞ്ചു മിനിട്ട്‌ നില്‍ക്കൂ, ചൂടുള്ള ഒരു കണ്ണന്‍ ദേവന്‍ അടിച്ചു വരാം........


18 February, 2007

ഒരു ബഡായിക്കഥ !!!

...രാജീവ്‌ ഗാന്ധിയ്ക്കെതിരെ ബൊഫോര്‍സ്‌ തോക്കിടപാടിനെപറ്റിയുള്ള ആരോപണങ്ങള്‍ കത്തിനിന്നിരുന്ന കാലം..

....ഒരിയ്ക്കല്‍ അദ്ദേഹത്തിന്റെ ആസ്ഥാന ബാര്‍ബര്‍, മുടിവെട്ടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തോട്‌ ചോദിച്ചു....
" സാര്‍ ആ ബൊഫോര്‍സ്‌ കാര്യം എന്തായി?..."

അദ്ദേഹം ബാര്‍ബറെ ഒന്നു തറപ്പിച്ചു നോക്കി....അതു കാര്യമാക്കാതെ നമ്മുടെ നായകന്‍ വീണ്ടും മുടിവെട്ട്‌ തുടര്‍ന്നു...

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും....."സാര്‍ ആ ബൊഫോര്‍സ്‌ കാര്യം എന്തായി? "

പ്രത്യേകിച്ച്‌ പറയേണ്ടല്ലൊ...അദ്ദേഹത്തിന്റെ മുഖം ദേഷ്യം കൊണ്ട്‌ ചുവന്നു തുടുത്തു..

ഞനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന ഭാവത്തില്‍ നമ്മുടെ കഥാനായകന്‍ തന്റെ പണിയില്‍ വ്യാപൃതനായി....

മൂന്നാമതും ബാര്‍ബര്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു....
" എടോ , തനിയ്ക്കതറിഞ്ഞിട്ടെന്തു കാര്യം ??, താന്‍ തന്റെ പണി നോക്ക്‌ .....

"സാര്‍ എനിക്ക്‌ അതിനെപ്പറ്റി അറിഞ്ഞിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല..പക്ഷേ, അതു ചോദിയ്ക്കുമ്പോള്‍ താങ്കളുടെ മുടി എഴുന്നു നില്‍ക്കും, അപ്പൊ വെട്ടാന്‍ വളരെ എളുപ്പമാണ്‌ !!!!!!

04 December, 2006

ചില 'പഞ്ചേന്ദ്രിയ'ക്കഥകള്‍

# ഉള്‍ക്കാഴ്ചയുടെ പൊരുള്‍ :

കണ്ണുകള്‍ പലപ്പോഴും വ്യക്തികളുടെ സൗന്ദര്യത്തിന്റെ മാപിനി ആവാറുണ്ടല്ലോ..ചില സൗന്ദര്യധാമങ്ങള്‍ക്ക്‌ പൂച്ചക്കണ്ണുകള്‍ അഴക്‌ വര്‍ദ്ധിപ്പിച്ചെന്നുമിരിയ്ക്കും..എന്നാല്‍ പൊതുവെ നാം മലയാളികളുടെ കണ്ണുകള്‍ക്ക്‌ ഈയിടെയായി നാമറിയാതെത്തന്നെ ചില മാറ്റങ്ങള്‍ സംഭവിയ്ക്കുന്നില്ലേ എന്നൊരു സംശയം.!!..പൂച്ചക്കണ്ണുകള്‍ക്കു പകരം നമുക്കു വന്നത്‌ 'പുച്ഛക്കണ്ണു'കളാണ്‌ എന്നു മാത്രം !!!!...അതെ....എന്തിനേയും ഏതിനേയും ഒരു പുച്ഛത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണാന്‍ ശ്രമിയ്ക്കുന്ന ശരാശരി മലയാളിയുടെ പുച്ഛക്കണ്ണുകള്‍...ഇതുകൊണ്ട്‌ ആരുടെയെങ്കിലും സൗന്ദര്യത്തിന്‌ മാറ്റു കൂടിയതായി അറിവില്ല..മറിച്ച്‌ ബുദ്ധിയെ ബാധിച്ച്‌ ക്രമേണ 'ബുദ്ധിജീവി'കളായി രൂപാന്തരം പ്രാപിച്ചെന്നു വരാം..ജാഗ്രതൈ.....
----ഉള്‍ക്കാഴ്ച്ചയുടെ പൊരുള്‍.....

# കേള്‍വിയുടെ കാണാപ്പുറങ്ങള്‍ :-

വയോവൃദ്ധരായ രണ്ടു സുഹൃത്തുക്കള്‍ വഴിവക്കില്‍ വെച്ച്‌ കണ്ടുമുട്ടുന്നു...കേള്‍വിക്കുറവിന്റെ ശ്ശി അസ്കിത ണ്ടേയ്‌..അവരുടെ ആശയവിനിമയം ഒന്നു ശ്രദ്ധിച്ചുനോക്കൂ..
* അല്ലാ ദ്‌ പ്പൊ എങ്ക്‌ടാ....ചന്തയ്ക്ക്‌ പോവ്വ്വാ.?
** ഏയ്‌..ഞാനൊന്ന് ചന്ത വരേയ്ക്ക്‌ പോവ്വ്വാണേ..
* ഓഹോ..ഞാന്‍ വിചാരിച്ചു ങ്ങള്‌ ചന്തയ്ക്കാ പോണേന്ന്..

--കാര്യം പിടികിട്ടിയില്ലേ....'കേള്‍വിയുടെ കാണാപ്പുറങ്ങള്‍'.

# സ്പര്‍ശനത്തിന്റെ വകഭേദങ്ങള്‍ ‍:-

സ്ഥലം-കേരളത്തിലെ ഒരു സ്വകാര്യ ബസ്‌ സ്റ്റോപ്പ്‌-സമയം രാവിലെ-ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അവരവരുടെ സങ്കേതങ്ങളിലെത്താനുള്ള തത്രപ്പാടിലാണ്‌..ബസ്സ്‌ വന്നതും കിളിയുടെ 'കര്‍ണ്ണകഠോര'മായ ശബ്ദം മുഴങ്ങി..ചേച്ചീ,മടിച്ചുനിക്കാതെ ഒന്നു വേഗം കേറൂ...കേട്ടപാടെ കൈയ്യില്‍ ബാഗും മനസ്സില്‍ 'ടെന്‍ഷനും' ആയി ഒരു ഗുസ്തിമല്‍സരത്തിനുശേഷം, ജേതാവിനെപ്പോലെ ഒരുവിധം കയറിപ്പറ്റി.. മുന്നില്‍നോക്കുമ്പോഴോ..അവിടമെല്ലാം പെണ്‍'മുട്ടി'കളും ആണ്‍'മുട്ടി'കളും കയ്യടക്കിയിരിയ്ക്കുന്നു..കുറച്ചുകൂടെ സുരക്ഷിതമായ സ്ഥാനം നോക്കി മാറിനിന്നപ്പോഴതാ കിളിയുടെ 'കളിമൊഴി' വീണ്ടും.. 'അമ്മായി ഒന്നു മുന്നിലേയ്ക്കു ചേര്‍ന്നു നില്‍ക്കൂ, ഈ ചേച്ചികൂടെ ഒന്നു കേറിക്കോട്ടെ......'.എന്റീശ്വരാ...ടിക്കെറ്റെടുക്കുവോളം ചേച്ചി..ടിക്കെറ്റെടുത്താലോ അമ്മായി...നടക്കട്ടെ..നടക്കട്ടെ..

# രുചിഭേദങ്ങള്‍:-

നാവികകപ്പലിലെ ഒരു സയാഹ്നം-
* സാര്‍,ഇന്നത്തെ ഡിന്നര്‍ ഒന്നിനും കൊള്ളില്ല..
** ങേ..പച്ചക്കറികളും പലവ്യന്‍ജനങ്ങളും നിയമാനുസൃതമായ കണക്കനുസരിച്ച്‌ കൃത്യമായി അളന്നുകൊടുത്തതാണല്ലൊ, കുക്കിന്‌..എന്നിട്ടെന്തേ?
* സാര്‍,അളവ്‌ കൃത്യമായിരിയ്ക്കാം..ഒന്നിനും രുചിയില്ലെന്നാണ്‌ പറഞ്ഞത്‌..
** സോറി...രുചി ഉറപ്പാക്കാന്‍ നിയമത്തില്‍ വകുപ്പില്ല...
--പാവം രുചിയുടെ ഒരു ഗതികേടേയ്‌..ഇനിയെങ്ങാനും സുരക്ഷാകാരണങ്ങളാല്‍ വിലക്കു കല്‍പ്പിച്ചതാകുമൊ..

"രുചിഭേദം പാചകദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ കപ്പലാണിത്‌"

# മണമല്ലോ സുഖപ്രദം:-

സര്‍ദാര്‍ജി രാവിലെതന്നെ കുളിച്ചു കുട്ടപ്പനായി അടുത്തുള്ള ഓഫീസിലേയ്ക്ക്‌ 'നടരാജ'യിലാണ്‌..പെട്ടെന്ന് എന്തോ മുന്നില്‍ക്കിടക്കുന്നത്‌ കണ്ട്‌ ഒന്നമ്പരന്നു.!.സൂക്ഷിച്ചു നോക്കി- ഒന്നും മനസ്സിലായില്ല.....കുനിഞ്ഞു നോക്കി-എന്നിട്ടും പിടികിട്ടിയില്ല.....കൈകൊണ്ടു തൊട്ടുനോക്കി-നോ രക്ഷ.....കൈയെടുത്ത്‌ ഒന്നു മണത്തുനോക്കി- ഛേ....ചാണകം!!!..

---ആവു രക്ഷപ്പെട്ടു..കാലിലായില്ലല്ലൊ.!!!!!(സര്‍ദാര്‍ജിയുടെ ആത്‌മഗതം)

ഗുണപാഠം:
"സ്പര്‍ശം ദുഖമാണുണ്ണീ
മണമല്ലോ സുഖപ്രദം"